ടംബ്ലറിലേക്ക്


വലിയ ബ്ലോഗറൊന്നുമല്ല, എന്നു പറഞ്ഞാലും പോര; ആകെ രണ്ട് പോസ്റ്റുമാത്രമാണ് കാര്യമായി എഴുതിയത്, അതും ഒരേ വിഷയം. കുറേ എഴുതണമെന്നൊക്കെ വിചാരിക്കാറുണ്ട്, ഒന്നു വരാറില്ലെന്നുമാത്രം. അതുപോട്ടെ പറയാൻ വന്നത് എഴുതാം. ഗൂഗിളിന്റെ സേവനങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ട്, ഏറ്റവും പ്രധാനപ്പെട്ടത് ജിമെയിൽ തന്നെ. പിന്നെ ഗ്രൂപ്പ്സ്, ഡോക്സ്, കലണ്ടർ അങ്ങനെ പോകുന്നു. ഇങ്ങനെ പോയാൽ ശരിയാവില്ല എന്നു തോന്നുന്നു. എല്ലാം ഗൂഗിളിനെ തന്നെ ഏൽപ്പിക്കരുത് എന്നില്ല. എങ്കിലും ആശ്രയിക്കുന്നത് കുറച്ചെങ്കിലും കുറക്കണമെന്ന് വിചാരിക്കാറുണ്ട്. നിലവിൽ ഗൂഗിളിന്റെ സേവനങ്ങൾ വളരെ മികച്ചതാണ്, മികച്ചതാണെന്ന് പറഞ്ഞാൽ ഇന്റർനെറ്റിലെ സേവനത്തിന്റെ കാര്യത്തിൽ ഗൂഗിൾ തന്നെയാണ് ഒന്നാമതും. എന്നിരുന്നാലും ഒരാൾ തന്നെ ഇന്റർനെറ്റ് എന്ന ഒരു മേഖലയിൽ മേൽക്കോയ്മ നേടുന്നത് നല്ലതിനായേക്കില്ല. അവസാനം മൈക്രോസോഫ്റ്റിനെ പോലെയായലോ?

അങ്ങനെ ആ ചിന്തയുടെ ഭാഗമായി ബ്ലോഗുന്നതിനായി ഗൂഗിളിന്റെതല്ലാത്ത വേറേതെങ്കിലും സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് വിചാരിച്ചിരുന്നു. ഏറ്റവും മെച്ചമെന്ന് തോന്നിയതും അറിഞ്ഞതും വേർഡ്പ്രസ്സായിരുന്നു. പക്ഷെ ഒരു കുഴപ്പം എനിക്കെന്റെ സ്വന്തം ഡൊമെയിനിൽ തന്നെ വേണം ബ്ലോഗ്. അതിന് വേർഡ്പ്രസ്സിന് കാശ്കൊടുക്കണം. അതോണ്ട് വേർഡ്പ്രസ്സിനെന്നെ നഷ്ടമായി. അപ്പോഴാണ് മിനിഞ്ഞാന്ന് സെർച്ച് ചെയ്ത് കിട്ടിയ ഒരു പോസ്റ്റ് ഉപയോഗിച്ചിരിക്കുന്ന ബ്ലോഗിങ്ങ് സേവനം ശ്രദ്ധിച്ചത്, പോസ്റ്റെറസ് (Posterous). അതിലാണെങ്കിൽ നമ്മുടെ ഡൊമെയിൽ ഉപയോഗിക്കുകയും ചെയ്യാം. എന്നാ സംഗതി പരീക്ഷിച്ചുനോക്കാമെന്ന് വിചാരിച്ചു. അങ്ങനെ അതിൽ ബ്ലോഗെല്ലാം പോസ്റ്റെല്ലാം അതിൽ ഇമ്പോർട്ടി, ഡൊമെയിനെല്ലാം സെറ്റ് ചെയ്തു. മെയിൽ വഴി പോസ്റ്റാം, മൊബൈലിന്നു പോസ്റ്റാം എന്നൊക്കെ എഴുതിവച്ചിട്ടുണ്ട്. ഇതിൽ പോസ്റ്റുന്ന സാധാനം ഒരേ സമയം ഫേസ്ബുക്ക്, ട്വിറ്റർ, പിക്കാസ, ഫ്ലിക്കർ , നമ്മുടെ മറ്റ് ബ്ലോഗുകൾ തുടങ്ങിയവയിലും പോസ്റ്റാനുള്ള സൗകര്യമൊക്കെയുണ്ട് (ഇതൊന്നും ഉപയോഗിക്കാൻ പോകുന്നില്ല). എന്നിട്ട് പോസ്റ്റെറെസിലേക്ക് മാറീന്നും പറഞ്ഞൊരു പോസ്റ്റും ഇട്ടു. അപ്പോഴാണ് ചില പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടത്. പോസ്റ്റ് ഡ്രാഫ്റ്റായി സേവ് ചെയ്യാനുള്ള വഴി കാണാനില്ല, പോസ്റ്റിന്റെ പ്രിവ്യുവിനുള്ള സൗകര്യവും കാണുന്നില്ല. ഇനി ഇതൊക്കെ എന്റെ കണ്ണിൽ പെടാത്തതാണോ!?

അങ്ങനെ അതിനേക്കാൾ മെച്ചമായെന്തെങ്കിലും കിട്ടുമോന്ന് അന്വേഷിച്ചുനോക്കി അങ്ങനേയാണ് ടംബ്ലറിനെ പറ്റി കേട്ടത് (വിക്കിയിൽ ടംബിൾലോഗ് എന്നാണ് കാണുന്നത്, തൽക്കാലം ടംബ്ലർ എന്നുതന്നെ വിളിക്കുന്നു). എന്നാ നോക്കിയേക്കാമെന്ന് കരുതി, സംഗതി പോസ്റ്റെറെസിനേക്കാൾ മെച്ചമെന്ന് തോന്നി. പിന്നെ ഒന്നും നോക്കിയില്ല പോസ്റ്റൊക്കെ തൂത്തെടുത്ത് ടംബ്ലറിലിട്ടു. ഡൊമയിനും സെറ്റ് ചെയ്തു. എന്നിരുന്നാലും ഇതിൽ പഴയ ബ്ലോഗിൽ നിന്നുള്ള പോസ്റ്റുകൾ നേരിട്ട് ഇമ്പോർട്ട് ചെയ്യാൻ സാധിക്കില്ല എന്നൊരു പോരായ്മയുണ്ട്. ടംബ്ലറും പോസ്റ്റെറെസും പുതുതലമുറ ബ്ലോഗിങ്ങ് സേവനങ്ങളായാണ് വാഴ്ത്തപ്പെട്ടിരിക്കുന്നത്.

ചിത്രങ്ങൾ, ഓഡിയോ, വീഡിയോ എന്നിവയെല്ലാം പോസ്റ്റാനുള്ള സൗകര്യം രണ്ടിലുമുണ്ട്. ടംബ്ലറിൽ കാര്യം കുറച്ചുകൂടി വ്യത്യസ്തമാണ്. അവിടെ പോസ്റ്റുകൾ ടെക്സ്റ്റ്, ഫോട്ടോ, ക്വോട്ട്, ലിങ്ക്, ചാറ്റ്, ഓഡിയോ, വീഡിയോ എന്നിങ്ങനെ ഏഴുതരത്തിലാണ്.


Leave a Reply

Your email address will not be published. Required fields are marked *