ബ്രസീലിലെ ചെറിയ ഗ്രാമത്തിലെ കടൽത്തീർത്ത് ഒരു വ്യവസായി ഇരിക്കുകയായിരുന്നു. അയാളങ്ങനെയിരിക്കുമ്പോഴാണ് കടലിൽ നിന്ന് ഒരു മുക്കുവന്റെ തന്റെ ചെറിയ വള്ളത്തിൽ കുറച്ച് മീനും പിടിച്ച് കരയിലേക്ക് വരുന്നത് കണ്ടത്.
മുക്കുവനെ കണ്ടപ്പോൾ വ്യവസായി തെല്ല് താല്പര്യത്തോടെ ചോദിച്ചു: “ഇത്രയ്ക്കും മീൻ പിടിക്കാൻ താങ്കൾക്കെത്ര സമയം വേണ്ടി വരും?”
മുക്കുവൻ പറഞ്ഞു, “ഓ, അതിനത്ര സമയമെടുക്കാറില്ല, കുറച്ച് സമയം മതിയാകും.”
“അങ്ങനെയെങ്കിൽ താങ്കളെന്തുകൊണ്ട് കടലിൽ കൂടുതൽ സമയം ചെലവഴിച്ച് കൂടുതൽ മീൻ പിടിക്കാൻ ശ്രമിക്കാത്തത്?” വ്യവസായിക്ക് ആശ്ചര്യമായി.
“ഇത്രയും മീൻ തന്നെ എന്റെ കുടുംബത്തിന് കഴിയാൻ ധാരാളമാണ്” എന്നായിരുന്നു മുക്കുവന്റെ മറുപടി.
“അങ്ങനെയെങ്കിൽ ദിവസത്തിന്റെ ബാക്കിസമയം താങ്കളെങ്ങനെ ചെലവഴിക്കുന്നു?”എന്നായി വ്യവസായിയുടെ അടുത്ത ചോദ്യം.
മുക്കുവന്റെ ഉത്തരം ഇതായിരുന്നു, “സാധാരണയായി അതിരാവിലെ എഴുന്നേറ്റ് കടലിൽ പോകുകയും കുറച്ച് മീൻ പിടിക്കുകയും ചെയ്യും, തിരിച്ച് വന്ന് തന്റെ കുട്ടികളോടൊപ്പം ചേർന്ന് കളിക്കുന്നു. ഉച്ചയ്ക്ക് ചെറുതായി മയങ്ങും, വൈകുന്നേരമാകുമ്പോൾ ഗ്രാമത്തിലെ എന്റെ ചങ്ങാതിമാരോടൊപ്പം സൊറപറയും, പാട്ടുപാടും നൃത്തം ചെയ്യും, അതങ്ങനെ രാത്രിവരെ നീളും.”
ഇത് കേട്ടപ്പോൾ വ്യവസായി മുക്കുവനെ ഉപദേശിച്ചു.
“നോക്കൂ എനിക്ക് ബിസിനസ് മാനേജ്മെന്റിൽ പി.എച്ച്.ഡിയുണ്ട്. അതിനാൽ നിങ്ങളെ കൂടുതൽ വിജയകരമായ ജീവിതം നയിക്കുന്നതിൽ സഹായിക്കാൻ എനിക്കാവും. അതുകൊണ്ട് ഇന്നുമുതൽ താങ്കൾ കടലിൽ കൂടുതൽ സമയം ചെലവഴിച്ച് കഴിയുന്നത്ര മീൻ പിടിക്കണം. അങ്ങനെ താങ്കൾക്കാവശ്യമുള്ളത്ര പണം ലഭിച്ചുകഴിഞ്ഞാൽ കൂടുതൽ വലിയ വള്ളം വാങ്ങാനും അതുപയോഗിച്ച് കൂടുതൽ മീൻ പിടിക്കാനും താങ്കാൾക്കാവും. കുറച്ച് കാലം കഴിഞ്ഞാൽ താങ്കൾക്ക് കൂടുതൽ വള്ളങ്ങൾ വാങ്ങാൻ സാധിക്കും, ശേഷം സ്വന്തമായി കമ്പനി തുടങ്ങാം, ടിന്നിലടച്ച സമുദ്രോല്പന്നങ്ങളുടെ ഉല്പാദന കേന്ദ്രവും വിതരണ ശൃംഗലയും ആരംഭിക്കാം. അങ്ങനെ വന്നാൽ താങ്കൾക്കിവിടെ നിന്നും മാറി സാവോ പോളൊയിൽ ചെന്ന് താമസിക്കാം, അവിടെ തങ്കളുടെ കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്സ് സ്ഥാപിക്കുകയും കമ്പനിയുടെ ബ്രാഞ്ചുകളെ നിയന്ത്രിക്കുവാനും കഴിയും”
ഇത് കേട്ടപ്പോൾ മുക്കുവൻ ചോദിച്ചു, “എന്നിട്ട്?”
വ്യവസായി ചെറുചിരിയോടെ പറഞ്ഞു, “അതിനുശേഷം താങ്കളുടെ സ്വന്തം വീട്ടിൽ രാജാവിനെ പോലെ കഴിയാം, യോജിച്ച സമയത്ത് താങ്കൾക്ക് ഓഹരി വിപണിയിൽ പണമിറക്കാനും അതുവഴി കൂടുതൽ വലിയ പണക്കാരനാകാനും സാധിക്കും.”
അപ്പോൾ മുക്കുവൻ, “അതിനുശേഷം?”
വ്യവസായി, “ശേഷം താങ്കൾക്ക് ജോലിയിൽ നിന്ന് വിരമിക്കാം, ഏതെങ്കിലും ശാന്തമായ തീരദേശ ഗ്രമത്തിൽ വീട് പണിയാം. നേരത്തേ എഴുന്നേക്കാം, കുറച്ച് മീൻപിടിക്കാം, കുട്ടികളോടൊത്ത് കളിക്കാം, ഉച്ചമയക്കം നടത്താം, വൈകുന്നേരം കൂട്ടുകാരോടൊത്ത് സൊറപറയാം പാട്ട് പാടാം നൃത്തം ചെയ്യാം, രാത്രി വൈകുവോളം ഇത് തുടരാം”
മുക്കുവൻ അമ്പരപ്പോടെ ചോദിച്ചു, “അതുതന്നെയല്ലേ ഞാനിപ്പോൾ ചെയ്യുന്നത്?”
(പൗലോ കൊയ്‌ലോയുടെ ഈ പോസ്റ്റിലെ കഥയുടെ തർജ്ജുമ)
Leave a Reply