ഫ്രീ ബേസിക്സിനനുകൂലമായി ഒത്തിരി വാദങ്ങൾ കണ്ടു, അതിൽ പ്രധാന്യമുള്ളതായി തോന്നിയത് നിശ്ചിത എണ്ണം വെബ്സൈറ്റുകൾ സൗജന്യമായി നൽകാനുള്ള അവകാശം നിലനിൽക്കണം എന്നതാണ്. ഒരു രീതിയിൽ ചിന്തിച്ചാൽ ഇതിൽ കാര്യമുള്ളതായി തോന്നാം, ഇന്റർനെറ്റിനായി ചിലവിടാൻ പണമില്ലാത്തവർക്ക് പരിമിതമായെങ്കിലും അതിന്റെ സൗകര്യം ലഭിക്കുന്നത് തടയുന്നതെന്തിന് എന്ന് ചോദ്യമവുമുണ്ടാകും. ആ സൗകര്യത്തേയും ആ രീതിയിൽ പ്രവർത്തിക്കാനുദ്ദേശിക്കുന്ന ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്സ് എന്ന പദ്ധതിയേയും എന്ത്കൊണ്ട് എതിർക്കേണ്ടി വരുന്നു എന്ന് വ്യക്തമാക്കാൻ ശ്രമിക്കുകയാണിവിടെ.
ഇന്റർനെറ്റെങ്ങിനെ സാധ്യമായി?
ആദ്യമായി ഫ്രീ ബേസിക്സിനേയും അതുപോലുള്ളവയേയും മാറ്റിനിർത്തി ചിന്തിക്കാം. ആദ്യമായി മനസ്സിലാക്കേണ്ട കാര്യം ഇന്റർനെറ്റ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ്.
പരസ്പരം ബന്ധിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകളുടെ കൂട്ടത്തെയാണ് കമ്പ്യൂട്ടർ നെറ്റ്‌വർക്ക് എന്ന് വിളിക്കുന്നത്. ഇങ്ങനെ ലോകത്തുള്ള വിവിധതരം കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെ ബന്ധിപ്പിച്ച ഒരു ബൃഹത്ത് സംവിധാനമാണ് ഇന്റർനെറ്റ്. അതായത്, ലോകത്ത് സാധ്യമായ എല്ലാ കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളേയും ബന്ധിപ്പിച്ച വയറുകൾ നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ നിങ്ങൾ ഇന്റർനെറ്റിലായി (കാര്യമായിപ്പറഞ്ഞാൽ ഇത്ര ലളിതമല്ല ഇന്റർനെറ്റിന്റെ ഘടന. റൗട്ടറുകളും മറ്റുമൊക്കെയായി കുറേ കാര്യങ്ങളുണ്ട്. കൂടുതലറിയാൻ വിക്കിപീഡിയയിൽ നോക). ഇന്റർനെറ്റിലെ ഒരു കമ്പ്യൂട്ടറിന് അതിലെ മറ്റ് ഏത് കമ്പ്യൂട്ടറുമായും ആശയവിനിമയം സാധ്യമാണ്, അത് അതിന്റെ ഘടന പ്രകാരം സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ്, ഉയർന്നതലത്തിൽ നിന്നും താഴ്ഭാഗങ്ങളിലേക്ക് വെള്ളം ഒഴുകുന്നതുപോലെ സ്വാഭാവികമായി സംഭവിക്കുന്നത്. ഈ സാധ്യതയുപയോഗിച്ചാണ് ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഏത് സേവനവും ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈൽ ഫോൺ വഴിയും കമ്പ്യൂട്ടർവഴിയും നമുക്കുപയോഗിക്കാനാകുന്നത്.
നേരത്തേ പറഞ്ഞത് പോലെ, ലോകത്തുള്ള എല്ലാ കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളിലേക്കും നിങ്ങൾക്ക് വയറുകൾ വലിക്കാൻ കഴിഞ്ഞെങ്കിൽ എയർടെൽ, റിലയൻസ്, ബി.എസ്.എൻ.എൽ എന്നിങ്ങനെയുള്ള കമ്പനികളുടെ സഹായമില്ലാതെ നിങ്ങൾക്ക് ഇന്റർനെറ്റ് ലഭിച്ചേനേ. പക്ഷെ അതെളുപ്പമല്ല, ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് അത്രയും നീളത്തിൽ വയറുകൾ വലിക്കുക വലിയ ചിലവുള്ള കാര്യമാണ്, മാത്രവുമല്ല ഒരോ രാജ്യത്തേയും ഭരണസംവിധാനങ്ങളുടെ അനുമതിയും വേണം. അതിനുവേണ്ടിയുള്ള ചിലവുകളെല്ലാം വഹിച്ച് ഇന്റർനെറ്റിനായുള്ള വയറുകളും കയ്യിലുള്ള ഒരുകൂട്ടമുണ്ട് ഒരോ രാജ്യത്തും, അവരാണ് ഐ.എസ്.പി കൾ (ISPs). ഇങ്ങനെയുള്ള ഐ.എസ്.പി കളിൽ നിന്നും വയറുകൾ (കണക്ഷനുകൾ) വാടകയ്ക്ക് എടുത്താണ് നമ്മൾക്കൊക്കെ ഇന്റർനെറ്റ് ലഭിക്കുന്നത് (വയറുകൾ എന്നൊക്കെ ഒരു എളുപ്പത്തിന് വേണ്ടി പറയുന്നതാണെന്ന് മനസ്സിലാകുമെന്ന് കരുതുന്നു). സത്യത്തിൽ ഐഎസ്‌പ്പികൾ നേരിട്ടല്ല അത്തരം വയറുകൾ വലിക്കുന്നത്, ഐഎസ്‌പ്പികൾക്കും മുകളിൽ ചില സംവിധാനങ്ങളുണ്ട്, അവരാണ് യഥാർത്ഥ വയറുവലിക്കാർ.
മുകളിൽ വിവരിച്ച പ്രകാരം ലോകത്തുള്ള വിവിധ നെറ്റ്‌വർക്കുകളുടെ പ്രവർത്തനത്തിലും നടത്തിപ്പിലും ഐഎസ്പ്പികൾ യാതൊരു പങ്കുമില്ല, അതൊക്കെ അതാത് നെറ്റ്‌വർക്ക് നടത്തിപ്പുകാർ നോക്കുന്നതാണ്. തങ്ങളുടെ കയ്യിലുള്ള ഇന്റർനെറ്റുമായി ബന്ധം സാധ്യമാക്കുന്ന വയറിന്റെ ഒരറ്റം നിങ്ങളുടെ വീട്ടിലും ഓഫീസിലും എത്തിക്കുക എന്ന കാര്യം മാത്രമേ ഐഎസ്പ്പികൾ ചെയ്യുന്നുള്ളൂ. അതിനുള്ള ചിലവും ലാഭവും അവർ നിങ്ങളിൽ നിന്നും ഈടാക്കുന്നുമുണ്ട്.
വ്യത്യസ്തനിരക്കുകൾ
ഇന്റർനെറ്റിലെ ചില സേവനങ്ങൾ അതിന്റെ സവിശേഷതകൾ കൊണ്ട് വലിയ ജനപ്രീതി നേടാറുണ്ട്, ജിമെയിൽ, ഫേസ്ബുക്ക്, വാട്ട്സ്‌ആപ്പ് ഇവയൊക്കെ അങ്ങനെ വലിയ എണ്ണം ഉപയോക്താക്കളെ നേടിയവയാണ്. ആൾക്കാർ ഇങ്ങനെയുള്ള സേവനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ട് ഐഎസ്‌പ്പികൾക്ക് പ്രത്യേകിച്ച് നേട്ടമോ കോട്ടമോ ഇല്ല, ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
എന്നിരുന്നാലും അത്തരം സേവനങ്ങൾ ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് കണ്ട്, അത് മുതലെടുത്ത് കൂടുതൽ ലാഭമുണ്ടാക്കാം എന്ന ചിന്ത ചില ഐഎസ്‌പ്പികൾക്കുണ്ടായി. അങ്ങനെ സാധരണ ഇന്റർനെറ്റ് വാടകയ്ക്ക് പുറമേ അത്തരം സേവനങ്ങൾ ഉപയോഗിക്കുന്ന മുറയ്ക്ക് കൂടുതൽ പണമടക്കേണ്ടി വരും എന്ന് വാദിക്കാൻ തുടങ്ങി. ആ അവസരത്തിലാണ് വസ്തുതളെപ്പറ്റി വിവരമുള്ള ആളുകൾ, ഐഎസ്‌പ്പികളുടെ ഈ വാദം ഇന്റർനെറ്റിന്റെ ഘടനയ്ക്കും വിരുദ്ധമാണെന്നും ന്യായമല്ലെന്നും എല്ലാവരേയും അറിയിച്ചത്.
വ്യക്തമായി പറഞ്ഞാൽ, ചുവടെ നൽകിയിരിക്കുന്ന കാരണങ്ങൾ പ്രകാരം വ്യത്യസ്ത നിരക്കുകൾ നടപ്പിലാക്കുന്നത് പാടില്ല.
- നേരത്തേ വിവരിച്ചതുപോലെ, ഉപയോക്താക്കൾ ഇന്റർനെറ്റിലെ ഏത് സേവനം ഉപയോഗിച്ചാലും ഐഎസ്‌പ്പികൾക്ക് അത് ഒരേ പോലെയാണ്, അതിനു അവർക്ക് ചിലവാകുന്ന തുകയും ലാഭവും ടാക്സുമടങ്ങുന്ന തുക അവർ നിലവിൽ ഈടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്റർനെറ്റിലെ എല്ലാകാര്യങ്ങളേയും ഒരു പോലെ ലഭ്യമാക്കാൻ ഐഎസ്‌പ്പികൾ ബാധ്യസ്ഥരാണ്.
- വ്യതസ്തനിരക്ക് നടപ്പിലാക്കിയാൽ, കൂടുതൽ നിരക്കീടാക്കുന്ന സേവനങ്ങൾ ഉപയോഗിക്കാൻ ആൾക്കാർ മടിക്കുകയും ക്രമേണ അവ ഇന്റർനെറ്റിൽ നിന്നും അപ്രത്യക്ഷമാകാനും കാരണമാകും. ഈ രീതിയിൽ പ്രത്യേകം വെബ്സൈറ്റുകളേയും സേവനങ്ങളേയും കൂടുതൽ നിരക്കീടാക്കി ഇന്റർനെറ്റിൽ നിന്നും ഇല്ലതാക്കാൻ ഐഎസ്‌പ്പികൾക്ക് സാധിക്കും. ഇത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഞാൻ വലിയ കാശുകാരനായ വ്യവസായാണെങ്കിൽ, എന്റെ ബിസിനസ്സിന് തടസ്സമെന്ന് തോന്നുന്നവയെ ഇന്റർനെറ്റിൽ നിന്നും ഇല്ലയ്മ ചെയ്യാൻ എനിക്ക് ഐഎസ്‌പ്പികളുടെ സഹായം തേടാം, ഐഎസ്‌പ്പികൾക്ക് കുറച്ച് കശ് അങ്ങോട്ട് കൊടുക്കുക, എതിരാളികളുടെ വെബ്സൈറ്റും മറ്റും ഉപയോഗിക്കുന്നതിന് ഐഎസ്‌പ്പികൾ ആൾക്കാരിൽ നിന്നും കൂടുതൽ കാശീടാക്കും, ക്രമേണ ആൾക്കാർ അത്തരം സൈറ്റുകൾ ഉപയോഗിക്കാതെ അവ പൂട്ടിപ്പോകും. ഇതിൽ ഐഎസ്‌പ്പികൾക്ക് നഷ്ടമൊന്നുമില്ലാത്തതിനാലും കൂടുതൽ കാശ് ലഭിക്കുമെന്നതിനാലും, ഇത്തരം കാര്യങ്ങൾക്ക് അവർ പെട്ടെന്ന് തയ്യാറാകും.
നെറ്റ്ന്യൂട്രാലിറ്റി അഥവാ ഇന്റർനെറ്റ് സമത്വം
ഇന്റർനെറ്റ് കണക്ഷനുണ്ടെങ്കിൽ, അതിലെ എല്ലാ സേവനങ്ങളേയും വെബ്സൈറ്റുകളേയും ഒരുപോലെ പരിഗണിക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നതിനേയാണ് ഇന്റർനെറ്റ് സമത്വം എന്ന് വിളിക്കുന്നത്. മുകളിൽ പറഞ്ഞ വ്യത്യസ്തനിരക്കീടാക്കുന്നത് നടപ്പിലായാൽ ഇന്റർനെറ്റ് സമത്വം ഇല്ലാതാകുകയും ഉപയോക്താൾ സേവനങ്ങളെ ഐഎസ്‌പ്പികൾ അവരോട് വാങ്ങുന്ന കാശിനനസരിച്ച് പരിഗണിക്കുകയും ചെയ്യും. കൂടുതൽ കാശ് നൽകേണ്ടി വരുന്നവയെ ആൾക്കാർ അവഗണിക്കും, അല്ലെങ്കിൽ അവരതിന് നിർബന്ധിതരാകും.
ഈ നെറ്റ്ന്യൂട്രാലിറ്റിക്ക് എന്നത് വെറുതേ വാദിക്കുന്ന ഒന്നല്ല, മുകളിലെ സെക്ഷനിൽ വിവിരിച്ച കാരണങ്ങളിൽ ഒന്നാമത്തേത് പ്രകാരം ഐഎസ്‌പ്പികൾ അത് ഉറപ്പുവരുത്താൻ സാങ്കേതികമായി ബാധ്യസ്ഥരാണ്.
ഫ്രീ ബേസിക്സ്
ഫേസ്ബുക്കടക്കം തിരഞ്ഞെടുത്ത കുറച്ച് സൈറ്റുകൾ ആൾക്കാർക്ക് സൗജന്യമായി നൽകാനുള്ള ഫേസ്ബുക്കിന്റെ പദ്ധതിയാണ് ഫ്രീ ബേസിക്സ്. ഫ്രീ ബേസിക്സ് പദ്ധതിയിൽ ചേർന്ന ഒരാൾക്ക് ഫേസ്ബുക്കടക്കം കുറച്ചു സൈറ്റുകൾ ഫ്രീയായി തുറക്കാം, അതല്ലാതെയുള്ള സൈറ്റുകളും മറ്റും നോക്കണമെങ്കിൽ പണം നൽകണം. സൂക്ഷിച്ച് നോക്കിയാൽ ഇത് വ്യത്യസ്തനിരക്കിന്റെ മറ്റൊരു പതിപ്പാണെന്ന് കാണാം, അതുകൊണ്ട് തന്നെ ഫ്രീ ബേസിക്സിൽ ഇന്റർനെറ്റ് സമത്വം ഉണ്ടാകില്ല. വ്യത്യസ്തനിരക്ക് സംവിധാനമായതാണ് ഫ്രീ ബേസിക്സ് എതിർക്കപ്പെടാനുള്ള ഏറ്റവും വലിയ കാരണം.
ഫ്രീ ബേസിക്സ് എന്നത് വ്യത്യസ്തനിരക്ക് സംവിധാനത്തിന്റെ മറ്റൊരു പതിപ്പാണെന്ന് മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാം. ഇന്റർനെറ്റ് വാടക മാസം 10 രൂപയാണെന്ന് സങ്കൽപ്പിക്കുക. അങ്ങനെ വരുമ്പോൾ ഒരു നാൾ ഐഎസ്‌പ്പി പറയുകയാണ് ഫേസ്ബുക്കും അതുപോലെയുള്ള ഏതാനും വിരലിലെണ്ണാവുന്ന സൈറ്റുകളൊഴികെയുള്ള എന്ത് ഉപയോഗിക്കണമെങ്കിലും മാസം 40 രൂപ അധികം നൽകണം എന്ന്. ഈ അവസ്ഥയിൽ നിങ്ങൾക്കെന്തായാലും മനസ്സിലാകും ഇത് വ്യത്യസ്തനിരക്ക് സമ്പ്രദായമാണെന്ന്. ഇനി സാധാരണ ഇന്റർനെറ്റ് ചാർജ് ആയ 10 രൂപ നമുക്ക് വേണ്ടി ഫേസ്ബുക്ക് ഐഎസ്‌പ്പിക്ക് നൽകാമെന്നേറ്റാൽ അത് ഫ്രീ ബേസിക്സ് എന്ന പദ്ധതിക്ക് തുല്യമായി.
പാവപ്പെട്ടവർക്ക് അത്രയെങ്കിലും ഇന്റർനെറ്റ് സൗജന്യമായി കിട്ടുന്ന പരിപാടിയല്ലേ എന്തിനാ എതിർക്കുന്നത് എന്ന ചോദ്യമുയരാം. ശരിയാണ് അത് നല്ലൊരുകാര്യമാണ്, പക്ഷെ അത് മറ്റ് പല സ്വാഭാവിക കാര്യങ്ങളേയും തകിടം മറിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം. വായിച്ചതും ചിന്തിച്ചതുമനുസരിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ ഇവയാണ്.
വളരെ ലാഭകരമായി പോയിക്കൊണ്ടിരിക്കുന്ന ഒരു ബിസിനസ്സാണ് ഫേസ്ബുക്ക്. ആൾക്കാർ എത്രത്തോളം ഫേസ്ബുക്ക് ഉപയോഗിക്കുന്നുവോ അത്രതോളം അതിന്റെ ബിസിനസ്സ് നടക്കും. ഫ്രീ ബേസിക്സിൽ ചേർന്ന ഒരാൾ അയാളുടെ ഇന്റർനെറ്റ് ഉപയോഗം ഫേസ്ബുക്കും അതുപോലെ സൗജന്യമായി കിട്ടുന്ന ഏതാനും സൈറ്റുകളിൽ മാത്രമായി ഒതുക്കും, കാശിന്റെ കാര്യവരുന്നതിനാൽ സ്വാഭാവികമായി അതിന് നിർബന്ധിതനാകും.
ഫ്രീ ബേസിക്സിൽ അല്ലാതെ തന്നെ ആൾക്കാർ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ലെ അവർക്കൊക്കെയും എന്റെ സൈറ്റ് തുറക്കാമല്ലോ അതല്ലെങ്കിൽ ഫ്രീ ബേസിക്സിൽ ഉള്ളവർക്ക് തന്നെ കാശടച്ച് ഏത് സൈറ്റും തുറക്കാമല്ലോ എന്നാണെങ്കിൽ. ഫ്രീ ബേസിക്സ് പദ്ധതി നടപ്പിലായാൽ സ്വാഭാവികമായും കൂടുതൽ പേരും അതിൽ ചേർന്ന് സൗജന്യം കൈപ്പറ്റാനാണ് ശ്രമിക്കുക. ഫ്രീബേസിക്സിൽ ഉള്ളവരാകട്ടെ പണം ചിലവാക്കി മറ്റുള്ള സൈറ്റുകൾ തുറക്കാനുള്ള സാധ്യതയും കുറയും. അങ്ങനെ പതിയെ ഫ്രീ ബേസിക്സിൽ ചേർത്താലല്ലാതെ എന്റെ സൈറ്റ് ആരും കാണില്ല എന്ന സ്ഥിതി വരും, അതെന്തായാലും നല്ലൊരു അവസ്ഥയായിരിക്കില്ല.
ഈ അവസ്ഥയിൽ ആൾക്കാരെ ഒരു പ്രത്യേകം കാര്യം അറിയിക്കണമെങ്കിൽ ഒന്നുകിൽ ഞാൻ അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണം അല്ലെങ്കിൽ എന്റെ സൈറ്റിലിട്ട്, എന്റെ സൈറ്റ് ഫ്രീ ബേസിക്സിൽ ചേർത്തുതരാൻ ഫേസ്ബുക്കിനെ സമീപിക്കണം. ഫ്രീ ബേസിക്സിൽ ഏതൊക്കെ ചേർക്കണം എന്നത് പൂർണ്ണമായും ഫേസ്ബുക്കിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഇനി എന്റെ സൈറ്റ് ഫേസ്ബുക്കിന് ബദലായി വരാൻ സാധ്യതയുള്ളതാണെങ്കിൽ അല്ലെങ്കിൽ ഫേസ്ബുക്കിന് ഇഷ്ടമില്ലാത്ത കാര്യമാണ് ഞാൻ സൈറ്റിലിട്ടിരിക്കുന്നതെങ്കിൽ, ഫ്രീ ബേസ്കിൽ ചേരാനുള്ള എന്റെ ശ്രമത്തെ ഫേസ്ബുക്ക് അനായാസം ഇല്ലായ്മ ചെയ്യും. ഇനി ഫേസ്ബുക്കിൽ നേരിട്ടിട്ടാലും അവർക്കത് ഡിലീറ്റ് ചെയ്യാവുന്നതേയുള്ളൂ. ഇനി ഫേസ്ബുക്കിനെതിരല്ലെങ്കിൽകൂടി, ജനങ്ങളിലേക്ക് കാര്യങ്ങൾ കാര്യങ്ങളെത്തിക്കാനുള്ള എന്റെ ആഗ്രഹം നടപ്പിലാകുന്നത് ഫേസ്ബുക്കിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും. ഇതേ രീതിയിൽ ഇന്റർനെറ്റിൽ പ്രവർത്തിക്കുന്ന പത്രമാധ്യമങ്ങളും, വൈബർ, സ്കൈപ്പ് സമാനമായ സേവനങ്ങളും എല്ലാം ഫേസ്ബുക്കിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും നിലനിൽക്കുക.
ഫ്രീ ബേസിക്സനുകൂലികളുടെ വേറൊരു വാദമെന്തെന്നാൽ “ജനങ്ങൾക്ക് അറിയാം എതാണ് നല്ലതെന്നും അതവർ തിരഞ്ഞെടുത്തോളും” എന്നാണ്, “ആരും അവരെ തിരഞ്ഞെടുക്കാൻ പഠിപ്പിക്കേണ്ട” എന്നും. ഇതുവരേയുള്ള മനുഷ്യചരിത്രം പരിശോധിച്ചാൽ കാണാം, ആദ്യം ഒരു ചെറിയ കൂട്ടം ആൾക്കാരായിരിക്കും വലിയ പല മുന്നേറ്റങ്ങൾക്കും തുടക്കമിട്ടിരിക്കുന്നത് എന്ന്. തുടക്കത്തിൽ ജനങ്ങളിൽ ഭൂരിഭാഗം പേരും നിലവിലെ അനീതിയെപ്പറ്റി അജ്ഞരായിരിക്കും. അതുപോലെയാണ് ഇവിടേയും, ഇന്റർനെറ്റ് സമത്വത്തിന്റെ അവശ്യകതയും അനിവാര്യതയും അതറിയുന്നവർ അവരുടെ ആശയം ജനങ്ങളിലേക്കത്തിക്കാൻ ശ്രമിക്കുന്നു, അതേ സമയം അതിനെ പറ്റി ബോധവാന്മാരല്ലാത്തവരെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ ബിസിനസ്സ് വ്യാപിപ്പിക്കാനാണ് ഫേസ്ബുക്ക് ശ്രമിച്ചത്. അറിവുള്ളവരുടെ ജാഗ്രത കാരണം ട്രായ്ക്ക് (TRAI) വ്യത്യസ്തനിരക്കിനെതിരായി വിജ്ഞാപനമിറക്കേണ്ടി വന്നു.
ഇന്റർനെറ്റിന്റെ സുഗമമായ മുന്നോട്ട്പോക്കിന് ഫ്രീബേസിക്സ് പോലെ വ്യത്യസ്തനിരക്ക് സമ്പ്രദായം അനുവാദിക്കാതിരിക്കേണ്ടത് തീർച്ചയായും ഗവണ്മെന്റുകളുടെ ബാധ്യതയാണ്.
Leave a Reply