ഉബുണ്ടു 14.04 ഇൻസ്റ്റാൾ ചെയ്തു. ഒരു പൂർണ്ണമായ വിശകലനത്തിന് മുതിരുന്നില്ല. ചില കാര്യങ്ങൾ മാത്രം കുറിക്കാൻ ശ്രമിക്കുന്നു.
സ്ഥിരമായി ലിനക്സിലേക്ക് മാറിയപ്പോൾ തുടങ്ങിയതാണ് ഉബുണ്ടു ഉപയോഗം. മറ്റുള്ള വിതരണങ്ങളിലേക്ക് മാറണമെന്നൊക്കെ ഇടക്ക് തോന്നാറുണ്ടെങ്കിലും ഉബുണ്ടു വിട്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇടക്ക് കുറച്ച്കാലം ഡെബിയൻ 7 ഉപയോഗിച്ചു, അത്ര തൃപ്തിതോന്നിയില്ല. പ്രധാനമായും ചില ആപ്ലിക്കേഷനുകൾക്കുള്ള സപ്പോർട്ടിന്റെ അഭാവമാണ് കാരണം.
ഇതിനു മുൻപ് 13.10 ആയിരുന്നു കമ്പ്യൂട്ടറിൽ. അതുമാറ്റി 14.04 ഫ്രഷ് ഇൻസ്റ്റാൾ ചെയ്തു. പതിവുപോലെ 10 മിനുട്ടിൽ താഴെ എടുത്തുള്ളൂ ഇൻസ്റ്റാളേഷൻ പൂർത്തിയാവാൻ. ഇൻസ്റ്റാളേഷൻ തൊട്ടുശേഷം തന്നെ അപ്ഡേറ്റുകളും ഉണ്ടായിരുന്നു! ‘Additional Drivers’ പ്രോഗ്രാം വഴി Nvidia GT 740M ന്റെ ഗ്രാഫിക്സ് കാർഡ് ഡ്രൈവറും ഇൻസ്റ്റാൾ ചെയ്യാൻ സാധിച്ചു. 13.10 ൽ ഇത് സാധിച്ചിരുന്നില്ല, അന്ന് ജെനറിക്ക് ഡ്രൈവർ വച്ച് അഡ്ജ്സ്റ്റ് ചെയ്യുകയായിരുന്നു.
യൂണിറ്റിയുടെ അനുബന്ധങ്ങളായി വരുന്ന കുറേയധികം സ്കോപ്പുകളും ലെൻസുകളും അൺ-ഇൻസ്റ്റാൾ ചെയ്യുകയും സിസ്റ്റം സെറ്റിങ്ങ്സിലെ പ്രൈവസി സെറ്റിങ്ങിൽ പോയി യൂണിറ്റി ഡാഷിൽ ഓൺലൈൻ സെർച്ചുകൾ വരുന്നത് ഒഴിവാക്കുകയുമായിരുന്നു അടുത്തതായി ചെയ്തത്. അല്ലെങ്കിൽ യൂണിറ്റി ഡാഷിൽ ആപ്ലിക്കേഷനുകളുടെ പേരടിക്കുമ്പോൾ ഇന്റർനെറ്റിൽ നിന്നുള്ള ഫലങ്ങളും കയറിവരും, സ്വകാര്യതാ പ്രശ്നവുമുണ്ട് അതിൽ.
ലിനക്സ് സ്ഥിരോപയോഗം തുടങ്ങിയത് ഉബുണ്ടു 10.04 മുതലാണ്. ഏറ്റവും തൃപ്തിയോടെ ഉപയോഗിച്ച ഉബുണ്ടുവും 10.04 ആണെന്ന് തോന്നുന്നു. ഇപ്പോഴടുത്തുപയോഗിച്ച ഉബുണ്ടുകളിലൊക്കെ എന്നെ വലച്ച പ്രശ്നങ്ങളാണ് ബ്ലൂടൂത്തിന്റേയും, സ്ക്രീൻ തെളിച്ചത്തിന്റേയും. 11.04 മുതലാണെന്ന് തോന്നുന്നു ഈ പ്രശ്നം കണ്ടുതുടങ്ങിയത്. സിസ്റ്റം ഓണാക്കുമ്പോഴൊക്കെ സ്വതേ ബ്ലൂടൂത്ത് ഓണായിക്കിടക്കും, സ്ക്രീൻ തെളിച്ചമാണെങ്കിൽ പരമാവധിയായിരിക്കും, ഇതായിരുന്നു പ്രശ്നം. ബ്ലൂടൂത്തും ഓഫാക്കുകയും സ്ക്രീൻ തെളിച്ചം കുറക്കുകയും ചെയ്താലും അടുത്ത തവണ പഴയപടി തന്നെയാകും. ഞാൻ തന്നെ ചില ബഗ്ഗ് റിപ്പോർട്ടുകളിൽ ഒപ്പിട്ടതായി ഓർക്കുന്നു. ബ്ലൂടൂത്ത് ഓഫാക്കി അടുത്ത തവണ സിസ്റ്റം തുറന്നാലും ബ്ലൂടൂത്ത് ഓഫായി കിടക്കുന്ന അവസ്ഥ കുറേകാലത്തിന് ശേഷം ഉബുണ്ടു 14.04 ൽ കാണാനായി, സന്തോഷം! പക്ഷെ സ്ക്രീൻ തെളിച്ചത്തിന്റെ കാര്യം പഴയപടി തന്നെയാണ് ഇപ്പോഴും. ഓരോ തവണ തുറക്കുമ്പോഴും തെളിച്ചം കുറക്കേണ്ടി വരുന്നു.
നഷ്ടപ്പെട്ട എന്തോ ഒന്ന് തിരിച്ചുകിട്ടിയ പ്രതീതിയാണ് ഇപ്പോൾ ലോക്കലി ഇന്റഗ്രേറ്റഡ് മെനു കാണുമ്പോൾ തോന്നുന്നത്. വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നില്ലെങ്കിലും. താഴെകിടക്കുന്ന ചെറിയ വിൻഡോയുടെ മെനു എടുക്കണമെങ്കിൽ എറ്റവും മുകളറ്റം പോകണമെന്ന്ത് ഇടക്ക് അലോസരമായി തോന്നറുണ്ട്. ഇനിയതിന്റെ ആവശ്യമില്ല. ലോക്കലി ഇന്റഗ്രേറ്റഡ് മെനു സ്വതേ സജീവമല്ല. സിസ്റ്റം സെറ്റിങ്ങ്സിൽ പോയി സജീവമാക്കണം.
ലോഞ്ചർ ബാറിന്റെ വീതി കുറച്ച് 16 പിക്സൽസ് വരെയാക്കാം എന്നുള്ളതാണ് വേറൊരു മാറ്റം. മുൻപ് 32 പിക്സൽസ് വരെയേ സാധ്യമായിരുന്നുള്ളൂ.
മുമ്പുള്ള ഉബുണ്ടുകളിൽ സസ്പെൻഡിൽ നിന്നും തിരിച്ചുകയറുമ്പോളും, സ്കീൻ ലോക്കായി കിടക്കുമ്പോഴും കാണിക്കുന്ന ലോഗിൻ സ്ക്രീനിൽ സാധാ ലോഗിൻ വിൻഡോ ആയിരുന്നു. ഇപ്പോഴത് സിസ്റ്റം ആദ്യം തുടങ്ങുമ്പോൾ കാണിക്കുന്ന ലോഗിൻ സ്ക്രീൻ തന്നെ കാണിക്കുന്നുണ്ട്.
അടുത്ത രണ്ട് വർഷത്തേക്ക് ചാടാതെ 14.04 ൽ തന്നെ തുടരണം എന്നൊരാഗ്രഹമുണ്ട്. ഒരോ ആറുമാസം കൂടുമ്പോഴും ചാടുന്ന സ്വഭാവം നിർത്തണം.
Leave a Reply