വിക്കി അനുഭവം: വിക്കിപീഡിയ എന്ന സൈറ്റുണ്ട്


കോളേജിൽ പഠിക്കുന്ന സമയത്താണ് കമ്പ്യൂട്ടറിൽ തൊട്ടതും ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയതും. 2003-2006 കാലഘട്ടമായിരുന്നു അത്. അക്കാലത്ത് കോളേജിലെ ലാബിൽനിന്നും കഫേകളിൽ നിന്നുമായിരുന്നു ഇന്റർനെറ്റ് ഉപയോഗം. വീട്ടിൽ കമ്പ്യൂട്ടറുണ്ടായിരുന്നെങ്കിലും ഇന്റർനെറ്റ് കണക്ഷനുണ്ടായിരുന്നില്ല. ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആരായാലും സ്വഭാവികമായി അറിയാനുള്ള കാര്യങ്ങൾക്കായി തിരയും. കാമ്പ്യൂട്ടറുകൾ കാണുന്നതിനു മുൻപേ യാഹൂ എന്ന പേര് എനിക്ക് പരിചിതമായിരുന്നു, അതുകൊണ്ട് തന്നെ യാഹൂവിലാണ് പരതിത്തുടങ്ങിയത്. ഇതിനിടക്ക് ഗൂഗിൾ എന്ന സെർച്ച് എഞ്ചിനും ഉണ്ടെന്ന് മനസ്സിലാക്കിയിരുന്നു. ചിലപ്പോൾ യാഹൂവിൽ പരതിയാൽ ഉദ്ദേശിച്ച ഫലം കിട്ടാതെ വന്നാൽ ഗൂഗിൾ പരീക്ഷിക്കും. അങ്ങനെയാണ് ഒരു കാര്യം മനസ്സിലായത്, ഗൂഗിളാണ് തിരയാൻ കൂടുതൽ നല്ലത്. യാഹുവിനേക്കാൾ നല്ല ഫലം ഗൂഗിൾ നൽകുന്നതുകൊണ്ടും, ഗൂഗിൾ യാഹുവിനേക്കാൽ പെട്ടെന്ന് ലോഡായിവരുമെന്നതും അതിനുള്ള കാരണങ്ങളായി. പിന്നെ അന്നുമുതൽ ഇന്നുവരെ ഗൂഗിളിലാണ് തിരച്ചിൽ.

അങ്ങനെ ഗൂഗിളിൽ പരതി നടക്കുന്നതിനിടയിൽ ഒരു സൈറ്റിനെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടുതൽ തിരച്ചിൽ ഫലങ്ങളിലും ആ സൈറ്റിൽ നിന്നുള്ള ഫലം ഒന്നാമത്തെ താളിൽ തന്നെ മിക്കവാറും ഒന്നാം സ്ഥാനത്തുതന്നെ വന്നുകാണുന്നു. വിക്കിപീഡിയ എന്നായിരുന്നു അതിന്റെ പേര്! അങ്ങനെ വിക്കിപീഡിയയെ പരിചയപ്പെട്ടു, അത് ഇംഗ്ലീഷ് വിക്കിപീഡിയ ആയിരുന്നു. ഒരു ഓൺലൈൻ വിജ്ഞാനകോശമാണ്, ആർക്കുവേണമെങ്കിലും എഡിറ്റ് ചെയ്യാം അഥവാ മാറ്റങ്ങൾ വരുത്താം എന്നൊക്കെ മനസ്സിലായി. വിക്കിപീഡിയയിലെ ഫലങ്ങൾക്ക് ഗുഗിളിൽ മുൻഗണനയുണ്ടായിരുന്നു എന്ന് പിന്നീടെവിടെയോ വായിച്ചപോലെ ഓർമ്മയുണ്ട്. അങ്ങനെ ഗൂഗിൾ എനിക്ക് വിക്കിപീഡിയയെ പരിചയപ്പെടുത്തി.

ആർക്കുവേണമെങ്കിലും മാറ്റാമെങ്കിൽ പിന്നെ ആൾക്കാരൊക്കെ വന്ന് തോന്ന്യാസങ്ങൾ എഴുതിക്കൂട്ടില്ലേ എന്നൊരു സംശയം അന്നേ തോന്നിയിരുന്നു. പക്ഷെ വായിക്കുന്ന താളിലൊന്നും വലിയ കുഴപ്പമൊന്നും കാണാറില്ലായിരുന്നു. സങ്കേതിക കാര്യങ്ങളിൽ താൽപര്യമുള്ള ആളായതുകൊണ്ടും സാങ്കേതിക ലേഖനങ്ങൾ ഇഷ്ടംപോലെ വിക്കിപീഡിയയിൽ ഉള്ളതുകൊണ്ടും, വിക്കിപീഡിയ നേരിട്ട് തുറന്ന് വിഷയം തിരഞ്ഞെടുത്ത് വായിക്കുന്നത് സാധാരണയായി. വിക്കി വായന ഒരു രസമായിരുന്നു, ഒരു കാര്യത്തെക്കുറിച്ച് വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അതിലുള്ള ഏതെങ്കിൽ സങ്കേതത്തെപ്പറ്റി അറിയില്ലെങ്കിൽ വിഷമിക്കേണ്ടി വരില്ല, മിക്കവാറും അത്തരം വാക്കുകൾ ഒരു നീല കണ്ണിയായിരിക്കും. അതിൽ ക്ലിക്ക് ചെയ്ത് ചെന്നാൽ അതിനെപ്പറ്റി കൂടുതലറിയാം. അങ്ങനെ ക്ലിക്കി ക്ലിക്കി തുടക്കവുമായി ബന്ധമില്ലാത്തിടത്തൊക്കെ എത്തി നിൽക്കുന്നത് സാധാരണയായിരുന്നു.

അന്നൊന്നും വിക്കിപീഡിയ മലയാളത്തിലുണ്ടെന്ന് അറിയില്ലായിരുന്നു. മലയാളം വിക്കിപീഡിയയെ പരിചയപ്പെടുന്നത് പിന്നീട് കുറേകാലത്തിനു ശേഷമാണ്, അത് വേറൊരു പോസ്റ്റിലിടാം.


Leave a Reply

Your email address will not be published.